Saturday, 17 August 2013

തകര്‍ന്ന റോഡുകള്‍ 15 ദിവസത്തിനുള്ളില്‍ നന്നാക്കും

*അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

*അറ്റകുറ്റപ്പണികള്‍ക്ക് 32 കോടി, ആവശ്യമെങ്കില്‍ കൂടുതല്‍ തുക

കോട്ടയ്ക്കല്‍: കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ 15 ദിവസത്തിനകം ഗതാഗതയോഗ്യമാക്കാന്‍ തീരുമാനം. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അദ്ധ്യക്ഷതയില്‍ കോട്ടയ്ക്കല്‍ നഗരസഭാ ഹാളില്‍ ബന്ധപ്പെട്ട വകുപ്പുമേധാവികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുഴിയടയ്ക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി ജില്ലയ്ക്ക് 32 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ ആവശ്യമെങ്കില്‍ അത് എത്രയുംപെട്ടെന്ന് അനുവദിക്കും. റോഡുകള്‍ ഉള്‍പ്പെടെ 275 പ്രവൃത്തികളാണ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തുക. ഇനിയും ഉള്‍പ്പെട്ടിട്ടില്ലാത്ത റോഡുകളുടെ വിവരം ജില്ലാ കളക്ടര്‍, അതത് സ്ഥലത്തെ ജനപ്രതിനിധികള്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ ചേര്‍ന്ന് പട്ടിക തയ്യാറാക്കും. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.കനത്തമഴയില്ലെങ്കില്‍ തിങ്കളാഴ്ചമുതല്‍ കുഴിയടയ്ക്കല്‍ ജോലി തുടങ്ങാന്‍ മന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയപാതയില്‍ ചമ്രവട്ടം റോഡ്, ഇടിമൂഴിക്കല്‍-ചങ്കുവെട്ടി റോഡ്,

മഞ്ചേരി-കിഴിശ്ശേരി റോഡ്,

കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ റോഡ്,

ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന മലപ്പുറത്തെ ബൈപ്പാസുകള്‍, എയര്‍പോര്‍ട്ട്-പെരിമ്പലം, വട്ടത്താണി-പുത്തനത്താണി, പരപ്പനങ്ങാടി-കക്കാട്, തിരൂരങ്ങാടി-പാറക്കാട്, തൃക്കുളം-തെയ്യാല റോഡുകളാണ് തകര്‍ന്നു കിടക്കുന്ന പ്രധാന റോഡുകള്‍. ഇതോടൊപ്പം മഴയില്‍ കുഴിരൂപപ്പെട്ട് ഗതാഗത യോഗ്യമല്ലാത്ത മറ്റ് പി.ഡബ്ല്യു.ഡി റോഡുകളും അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തും. ചമ്രവട്ടം റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്നതിന് 38 കോടിയുടെ പ്രവൃത്തിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതുപോലെതന്നെ ദേശീയപാതയില്‍ ഇടിമൂഴിക്കല്‍ - ചങ്കുവെട്ടി ഭാഗത്ത് റീടാറിങ്ങിന് അനുമതിയായിട്ടുണ്ട്. ഈ രണ്ട് ജോലി തുടങ്ങുന്നതിന് കാലതാമസം വരുമെന്നിരിക്കെ റോഡിലെ കുഴികള്‍ അടിയന്തരമായി നികത്തുന്നതിന് കരാര്‍ ഏറ്റെടുത്ത കമ്പനിയോട് ആവശ്യപ്പെടും.കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി കഴിയുന്നത്ര വേഗത്തിലാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഏപ്രില്‍, മെയ് മാസങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പല റോഡുകളും ജൂണില്‍ തകര്‍ന്ന അവസ്ഥയുണ്ട്. ഈ കരാറുകാര്‍ക്കെതിരെ അന്വേഷണം വേണം. നോണ്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച റോഡുകളാണ് തകര്‍ന്നതില്‍ കൂടുതലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.മന്ത്രി പി.കെ. അബ്ദുറബ്ബ്, എം.എല്‍.എമാരായ പി. ഉബൈദുള്ള, കെ. മുഹമ്മദുണ്ണി ഹാജി, കെ.എന്‍.എ. ഖാദര്‍, എം. ഉമ്മര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.കെ. ബഷീര്‍, ജില്ലാ കളക്ടര്‍ കെ. ബിജു, പൊതുമരാമത്ത് വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി സോമശേഖരന്‍, റോഡ് ഫണ്ട് ബോര്‍ഡ് സി.ഇ.ഒ പി.സി. ഹരികേഷ്, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡി കെ.എസ്. രാജു, ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍, കെ.പി. പ്രഭാകരന്‍, ജെ. രവീന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment