കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലെ പ്രശ്‌നങ്ങളും ടെര്‍മിനല്‍ നവീകരണത്തിലെ അപാകങ്ങളും വിമാനത്താവളത്തിന് തിരിച്ചടിയാകുന്നു. റണ്‍വേയില്‍ അടിക്കടി വിള്ളല്‍ രൂപംകൊണ്ടത് സുരക്ഷയെക്കുറിച്ചാണ് ആശങ്കയുയര്‍ത്തുന്നതെങ്കില്‍ ചോര്‍ന്നൊലിക്കുന്ന ടെര്‍മിനല്‍ കെട്ടിടം യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. അതിനിടെ അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുന്ന സ്വകാര്യ കമ്പനിക്ക് പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കുകകൂടി ചെയ്തതോടെ വിമാനത്താവളം കൂടുതല്‍ വിവാദത്തിലേക്ക് പോകുകയുമാണ്.വിമാനത്താവളത്തിലെ റണ്‍വേയില്‍ അടിക്കടി വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതാണ് കോഴിക്കോട്ടെ വിമാന ഗതാഗത സുരക്ഷയെക്കുറിച്ച് ആദ്യം ആശങ്കയ്ക്ക് ഇടയാക്കിയത്. ഇക്കഴിഞ്ഞ മെയ് 20നാണ് റണ്‍വേയില്‍ ആദ്യ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. രണ്ട് ഇഞ്ച് വീതിയില്‍ ആറ് മീറ്ററോളം നീളത്തിലായിരുന്നു വിള്ളല്‍. ഇത് ശരിപ്പെടുത്തി ഒരാഴ്ച കഴിയും മുമ്പുതന്നെ ഏഴിന് പുതിയ വിള്ളല്‍ രൂപംകൊണ്ടു. അഞ്ച് മീറ്റര്‍ വീതിയിലായിരുന്നു പുതിയ വിള്ളല്‍. ജൂണ്‍ 15നാണ് വീണ്ടും റണ്‍വേയില്‍ വിള്ളല്‍ വീണത്. താത്കാലികമായി വിള്ളലുകള്‍ അടച്ചെങ്കിലും ആശങ്ക പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല. റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ മൂന്ന് കോടിയിലധികം രൂപയുടെ വെട്ടിപ്പ് കണ്ടെത്തി ഒരു വര്‍ഷത്തിനുള്ളിലാണ് വിള്ളലുകള്‍ കണ്ടെത്തിയത്. ആവശ്യമായ ടാറും മറ്റ് ഉത്പന്നങ്ങളും ചേര്‍ത്തല്ല റണ്‍വേ നവീകരണം പൂര്‍ത്തിയാക്കിയതെന്ന് അന്ന് കണ്ടെത്തിയിരുന്നു.ഇതിനിടെയാണ് മറ്റൊരു അഴിമതി ആരോപണം നേരിട്ട ടെര്‍മിനല്‍ ചോര്‍ന്നൊലിക്കാനും അടര്‍ന്നുവീഴാനും തുടങ്ങിയത്. കനത്ത മഴയില്‍ ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്ന് വെള്ളം ടെര്‍മിനലിലേക്ക് ഒഴുകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ടെര്‍മിനലിന്റെ മുകളില്‍ ടാര്‍പായ വലിച്ചുകെട്ടി. എന്നാല്‍ നനഞ്ഞ് കുതിര്‍ന്ന സീലിങ് പാനലുകള്‍ അടര്‍ന്നുവീണ് എയര്‍ ഇന്ത്യ ജീവനക്കാരിക്ക് പരിക്കേറ്റു.100 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ കരാര്‍ ജോലികള്‍ കഴിഞ്ഞ ദിവസം ഉറപ്പിച്ചു. ഝാര്‍ഖണ്ഡിലെ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയില്‍ 4000 കോടി രൂപയുടെ അഴിമതി നടത്തിയതിന് അന്വേഷണം നേരിടുന്ന കമ്പനിക്കാണ് ടെന്‍ഡര്‍ ഉറപ്പിച്ചത്
No comments:
Post a Comment