Saturday, 17 August 2013

നിരാശയില്ല, ഖേദമുണ്ട്; ഇര്‍ഫാന്റെ പിതാവ്

അരീക്കോട്: ലോക അത്‌ലറ്റിക് മീറ്റിലെ നടത്തമത്സരത്തില്‍ ഇര്‍ഫാനുണ്ടായ വീഴ്ചയില്‍ നിരാശയില്ലെന്നും എന്നാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെവന്നതില്‍ ദുഃഖമുണ്ടെന്നും ഇര്‍ഫാന്റെ പിതാവ് കോലോത്തുംതൊടി മുസ്തഫ പറഞ്ഞു. മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ലണ്ടന്‍ ഒളിമ്പിക്‌സിലെ പത്താം സ്ഥാനത്തുണ്ടായിരുന്ന ഇര്‍ഫാന്‍ ഫലം കൂടുതല്‍ മെച്ചപ്പെടുത്തുമായിരുന്നുവെന്നാണ് പ്രതീക്ഷ. നടത്തമത്സരത്തില്‍ ആറാംസ്ഥാനം വരെ നടന്നുകയറിയ ഇര്‍ഫാന്‍ പിന്നീട് പത്താം സ്ഥാനത്തേക്കിറങ്ങിനില്‍ക്കുമ്പോഴാണ് കളത്തില്‍നിന്ന് കയറേണ്ടിവന്നത്. തനിക്ക് ഇര്‍ഫാന്റെ ഭാവിയില്‍ നല്ല പ്രതീക്ഷയുണ്ടെന്നും മുസ്തഫ പറഞ്ഞു.ഇര്‍ഫാന്റെ പ്രകടനം കാണാന്‍ ഇര്‍ഫാന്റെ പിതാവ് മുസ്തഫയുടെ ഉമ്മ 70കാരി തൈത്തൊടുവില്‍ ആമിനക്കുട്ടി ഇര്‍ഫാന്റെ വീട്ടിലെത്തിയിരുന്നു. ഉമ്മ പി.ടി. സുലൈഖ, സഹോദരി ഷാനിദ, സജ്‌ന, പിതൃസഹോദരന്‍ അഹമ്മദ്കുട്ടി, ഇവരുടെ മകന്‍ സി.ആര്‍.പി.എഫ് ജവാന്‍ അബ്ദുല്‍ അസീസ് തുടങ്ങി നിരവധി ബന്ധുക്കളും അയല്‍വാസികളും നാട്ടുകാരും ഇര്‍ഫാന്റെ കൊച്ചുവീട്ടില്‍ എത്തിയിരുന്നു.ആറാം സ്ഥാനത്തേക്ക് ഇര്‍ഫാന്‍ കുതിക്കുന്നതുകണ്ട് കയ്യടിച്ചും ശബ്ദമുയര്‍ത്തിയും കൂടിനിന്നവര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അതിനിടെ ഇര്‍ഫാന്‍ പത്താം സ്ഥാനത്തേക്കിറങ്ങിയപ്പോഴും ആരുടെ മുഖത്തും നിരാശയുണ്ടായിരുന്നില്ല.അതിനിടെ കളത്തില്‍നിന്ന് കയറേണ്ടിവന്ന ഇര്‍ഫാനെ ടി.വിയില്‍ കാണാതായതോടെ മത്സരം വീക്ഷിക്കുന്നവരില്‍ നിരാശ പടര്‍ന്നുതുടങ്ങി.ഒടുവില്‍ കാണികളുടെ ഇടയില്‍ ഒരാളുടെ ഫോണിലേക്ക് ഇര്‍ഫാന്‍ പുറത്തായെന്ന സന്ദേശം എത്തുമ്പോഴേക്കും മത്സരം അവസാനത്തോടടുത്തിരുന്നു

No comments:

Post a Comment