കോഴിക്കോട്:ജില്ലയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബ് സ്ഥാപിക്കുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. തൊണ്ടയാടിനും മലാപ്പറമ്പിനും ഇടയിലുള്ള പ്രദേശത്താണ് മള്‍ട്ടിപര്‍പ്പസ് ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബ് പരിഗണനയിലുള്ളത്. നഗരത്തിലെ ട്രാഫിക് വികസനത്തിന്റെ ഭാഗമായി ആര്‍.ടി.ഒ. രാജീവ് പുത്തലത്താണ് പദ്ധതി അവതരിപ്പിച്ചത്. പദ്ധതി സര്‍ക്കാറിലേക്ക് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും ഋഷിരാജ് സിങ് പറഞ്ഞു. കോഴിക്കോട്, കൊടുവള്ളി ആര്‍.ടി. ഓഫീസുകള്‍ക്ക് കീഴിലായുള്ള 36 കേസുകളാണ് പരാതിപരിഹാര അദാലത്തില്‍ പരിഗണിച്ചത്. ചില റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തുന്നില്ലെന്ന് പരാതി ലഭിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി.യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ചചെയ്യും. ഓട്ടോയില്‍ ചരക്കുകള്‍ കൊണ്ടുപോകുന്നത് സംബന്ധിച്ചും നഗരത്തില്‍ അനുമതിയില്ലാത്ത ടാക്‌സികള്‍ വ്യാപകമാകുന്നതായും പരാതികളുണ്ട്. അതത് വിഷയത്തില്‍ ബന്ധപ്പെട്ട നടപടികള്‍ ഉടനുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.സ്വകാര്യ ബസ്സുകളില്‍ ഡോര്‍ ചെക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള യാത്രക്കാരോട് മോശമായി പെരുമാറുന്നത് സംബന്ധിച്ചും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ബസ്സുകളില്‍ നിയമപരമായി 'കിളി'കളുടെ സേവനം ആവശ്യമില്ല. ഈ സമ്പ്രദായം മാറ്റേണ്ട സമയം കഴിഞ്ഞെന്നും ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു. കോഴിക്കോട് ആര്‍.ടി.ഓഫീസിന് കീഴില്‍ ജൂലായ് മാസത്തില്‍ നടന്ന വാഹനപരിശോധനയില്‍ മൊത്തം 88 ലക്ഷം രൂപ ഈടാക്കി. 8,387 കേസുകളാണ് ഈ കാലയളവില്‍ എടുത്തത്. കഴിഞ്ഞ 15 ദിവസമായി ബസ്സുകളില്‍ നടന്ന പരിശോധനയില്‍ 300-ഓളം എയര്‍ഹോണുകള്‍ അഴിച്ചുമാറ്റി. ഈ ബസ്സുകള്‍ കുറ്റകൃത്യം ആവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. അധ്യാപക രക്ഷാകര്‍തൃസമിതിയുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ റോഡ് സുരക്ഷ ബോധവത്കരണം നടത്തും. അനധികൃതമായി വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനകം 700 കേസുകള്‍ എടുത്തിട്ടുണ്ട്. തുടര്‍നടപടികള്‍ ഉറപ്പുവരുത്തുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. അദാലത്തില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇ.എസ്. ജയിംസ്, ആര്‍.ടി.ഒ.മാരായ രാജീവ് പുത്തലത്ത്, എം.രാജന്‍, ജോ. ആര്‍.ടി.ഒ.മാരായ എവറോള്‍ഡ് മോറി, ടി.പി. ജയകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
No comments:
Post a Comment